അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിക്കുന്ന മൂന്ന് നാൾ നീണ്ടു നിൽക്കുന്ന ഇന്ത്യാ ഫെസ്റ്റിന് ഇന്ന് തുടക്കമാകും.

വൈകിട്ട് 5 മണിക്ക് നൂറ് കണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തിൽ പതാക ഉയർത്തലോട് കൂടിയാണ് ഇന്ത്യാ ഫെസ്റ്റിന് തുടക്കമാവുക.6മണിയോടെ സെന്ററിന് അകത്തും പുറത്തുമായി സജ്ജീകരിച്ച മുപ്പതോളം സ്റ്റാളുകൾ തുറന്ന് പ്രവർത്തിക്കും. തുടർന്ന് രാത്രി വൈകുവോളം നീണ്ട് നിൽക്കുന്ന പരിപാടികൾ വേദിയിൽ ആരംഭിക്കും.
രാത്രി എട്ട് മണിക്ക് സെന്ററിന് പിറക് വശത്ത് നിന്നും പ്രധാന വേദിയിലേക്ക് മുത്തുക്കുടകളുടെയും, ബാന്റ് മേളത്തിന്റെയും അകമ്പടിയോടെ ഇരുന്നൂറിലേറെ കലാകാരന്മാർ അണിനിരക്കുന്ന ഘോഷയാത്ര നടക്കും. തുടർന്ന് എട്ടര മണിക്ക് ഇന്ത്യൻ എംബസി കൗൺസിലർ രാജ മുരുഗൻ ഇന്ത്യ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ബ്രിഗേഡിയർ അഹമ്മദ് സെയ്ഫ് ബിൻ സൈത്തുൺ അൽ മുഹൈരി, യു എ ഇ റൈറ്റേസ് ഫോറം ചെയർമാൻ ഹാരിബ് കമീസ് അൽ ദാഹിരി, ഡോക്ടർ മാർഗറ്റ് മുള്ളർ ഉൾപ്പെടെയുള്ളവർ വിശിഷ്ടാതിഥികളായിരിക്കും.
ആളും, ആരവുമെല്ലാം ഇന്ത്യൻ ഇസ്ലാമിക് സെന്ററിലേക്കൊഴുകി എത്തുന്ന കാഴ്ച്ചകൾക്കാണ് ഇനിയുള്ള മൂന്ന് ദിവസം സെന്റർ സാക്ഷ്യം വഹിക്കുക.
ഇന്ത്യയുടെ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും കളിയാടുന്ന കലാരൂപങ്ങളും,രുചി വിഭവങ്ങളും,വിവിധ വാണിജ്യ സ്ഥാപങ്ങളുടെയും,പത്ര, പ്രസാധക,വിദ്യാഭ്യാസ സ്ഥാപങ്ങളുടെ സാന്നിധ്യവും, കൂടാതെ കടൽ കടന്നെത്തുന്ന നിരവധി കലാകാരുടെ പ്രകടനങ്ങളും ഇന്ത്യാ ഫെസ്റ്റിനു മിഴിവും നിറപ്പകിട്ടുമേകും.
Photo Courtesy: Noushad Koyilandi, Abu Dhabi